إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِنْ ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِنَ الَّذِينَ مَعَكَ ۚ وَاللَّهُ يُقَدِّرُ اللَّيْلَ وَالنَّهَارَ ۚ عَلِمَ أَنْ لَنْ تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِ ۚ عَلِمَ أَنْ سَيَكُونُ مِنْكُمْ مَرْضَىٰ ۙ وَآخَرُونَ يَضْرِبُونَ فِي الْأَرْضِ يَبْتَغُونَ مِنْ فَضْلِ اللَّهِ ۙ وَآخَرُونَ يُقَاتِلُونَ فِي سَبِيلِ اللَّهِ ۖ فَاقْرَءُوا مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَقْرِضُوا اللَّهَ قَرْضًا حَسَنًا ۚ وَمَا تُقَدِّمُوا لِأَنْفُسِكُمْ مِنْ خَيْرٍ تَجِدُوهُ عِنْدَ اللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا ۚ وَاسْتَغْفِرُوا اللَّهَ ۖ إِنَّ اللَّهَ غَفُورٌ رَحِيمٌ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൌകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്‍റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൌകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
കാരകുന്ന് & എളയാവൂര്
നിന്റെ നാഥന്നറിയാം: നീയും നിന്റെ കൂടെയുള്ളവരിലൊരു സംഘവും രാവിന്റെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പാതിഭാഗവും മറ്റു ചിലപ്പോള്‍ മൂന്നിലൊരു ഭാഗവും നിന്ന് നമസ്കരിക്കുന്നുണ്ട്. രാപ്പകലുകള്‍ കണക്കാക്കുന്നത് അല്ലാഹുവാണ്. നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് അവന്നറിയാം. അതിനാല്‍ നിങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഖുര്‍ആനില്‍നിന്ന് നിങ്ങള്‍ക്ക് കഴിയുംവിധം പാരായണം ചെയ്ത് നമസ്കാരം നിര്‍വഹിക്കുക. നിങ്ങളില്‍ ചിലര്‍ രോഗികളാണ്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹമന്വേഷിച്ച് ഭൂമിയില്‍ സഞ്ചരിക്കുന്നവരാണ്. ഇനിയും ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവരും. ഇത് അവന് നന്നായറിയാം. അതിനാല്‍ ഖുര്‍ആനില്‍നിന്ന് സൌകര്യപ്രദമായത് പാരായണം ചെയ്യുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുക. നിങ്ങള്‍ സ്വന്തത്തിനുവേണ്ടി മുന്‍കൂട്ടി ചെയ്യുന്ന നന്മകളൊക്കെയും അല്ലാഹുവിങ്കല്‍ ഏറെ ഗുണമുള്ളതായി നിങ്ങള്‍ക്കു കണ്ടെത്താം. മഹത്തായ പ്രതിഫലമുള്ളതായും. നിങ്ങള്‍ അല്ലാഹുവോട് മാപ്പപേക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.